ജോക്കോ പൊരുതിവീണു; വിംബിൾഡൺ അൽകാരസിന്
Monday, July 17, 2023 6:27 AM IST
ലണ്ടൻ: പുൽക്കോർട്ടിൽ പുതുരക്തത്തോട് പിടിച്ചുനിൽക്കാനാവാതെ വെറ്ററൻ ജോക്കോവിച്ച് വീണു. വിംബിൾഡൺ പുരുഷ ഫൈനലിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ കാർലോസ് അൽകാരസിന് കിരീടം.
കലാശപ്പോരിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് സ്പാനിഷ് താരം ജോക്കോയെ പരാജയപ്പെടുത്തിയത്. അൽകരാസിന്റെ കന്നി വിംബിൾഡൺ കിരീടമാണിത്, രണ്ടാം ഗ്രാൻസ്ലാം കിരീടവും. പത്തുവർഷത്തിനു ശേഷമാണ് സെന്റർകോർട്ടിൽ ജോക്കോവിച്ച് തോൽവി അറിയുന്നത്. സ്കോർ: 1-6, 7-6 (8-6), 6-1, 3-6, 6-4.
ആദ്യ സെറ്റ് ജോക്കോവിച്ച് അനായാസം ജയിച്ചതോടെ സെർബ് താരത്തിന്റെ ദിവസമെന്ന് ആരാധകർ കരുതി. എന്നാൽ രണ്ടും മൂന്നും സെറ്റിൽ തിരിച്ചുവന്ന സ്പാനിഷ് യുവതാരം ജോക്കോയെ വിറപ്പിച്ചു. നാലാം സെറ്റിൽ ജോക്കോവിച്ച് സ്വന്തമാക്കിയതോടെ കളി നിർണായകമായ അഞ്ചാം സെറ്റിലേക്ക്.
യുവതാരത്തിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ജോക്കോ സെന്റർകോർട്ടിൽ ദീർഘമായ 10 വർഷത്തിനു ശേഷം പരാജയം സമ്മതിച്ചു.