വിംബിൾഡൺ: മിക്സ്ഡ് ഡബിൾസ് കിരീടം നേടി യുക്രെയ്ൻ - ക്രൊയേഷ്യ സഖ്യം
Friday, July 14, 2023 11:01 PM IST
ലണ്ടൻ: യുക്രെയ്നിയൻ താരം എലിന സ്വിറ്റോലിനയുടെ വിംബിൾഡൺ കിരീടമോഹം വനിതാ സിംഗിൾസ് സെമിഫൈനലിൽ മർകേത വൊന്ദ്രോഷോവ തല്ലിക്കെടുത്തിയെങ്കിലും രാജ്യത്തിന് സന്തോഷമേകി മിക്സ്ഡ് ഡബിൾസ് ഫലം.
ക്രൊയേഷ്യൻ പങ്കാളി മാറ്റ് പാവിച്ചിനൊപ്പം മിക്സ്ഡ് ഡബിൾസ് കിരീടം നേടിയ ല്യുഡ്മെയ്ല കിചെനോക്, യുദ്ധക്കെടുതിയിൽ വലയുന്ന തന്റെ രാജ്യത്തിനായി കിരീടം സമർപ്പിക്കുന്നതായി അറിയിച്ചതോടെ ആരാധകർക്ക് ഇരട്ടി സന്തേഷം.
യോറാൻ വ്ലീഗെൻ - സു യിഫാൻ എന്നിവർ അണിനിരന്ന ബെൽജിയം - ചൈന സഖ്യത്തെയാണ് ഇരുവരും ചേർന്ന കലാശപ്പോരാട്ടത്തിൽ തറപറ്റിച്ചത്. സ്കോർ: 6-4, 6-7(9), 6-3.
പുരുഷ ഡബിൾസ് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം മുമ്പ് അലങ്കരിച്ചിരുന്ന പാവിച്ചിന്റെ ആറാം ഡബിൾസ് ഗ്രാൻഡ് സ്ലാം നേട്ടമാണിത്. മൂന്ന് പുരുഷ ഡബിൾസ് കിരീടവും രണ്ട് മിക്സ്ഡ് ഡബിൾസ് കിരീടവും താരം മുമ്പ് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.