ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു: തലയോട്ടി ആഷ് ട്രേയാക്കിയ യുവാവ് അറസ്റ്റിൽ
Saturday, July 8, 2023 3:25 PM IST
മെക്സികോ സിറ്റി: മെക്സിക്കോയിൽ ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിക്കുകയും തലയോട്ടി ആഷ് ട്രേയായി ഉപയോഗിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പ്യൂബ്ലോയിലെ വീട്ടിൽ നിന്നാണ് അൽവാരോ (32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിക്ക് അടിമയായിരുന്ന അൽവാരോ ജൂൺ 29നാണ് ഭാര്യയെ കൊന്നത്. സാന്താ മ്യൂർട്ടെയും (ലേഡി ഓഫ് ഹോളി ഡെത്ത്) പിശാചും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ കൃത്യം നടത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
ഒരു വർഷം മുൻപാണ് അൽവാരോ, മരിയ മോൺസെറാറ്റിനെ (38) വിവാഹം കഴിച്ചത്. മരിയയ്ക്ക് 12 മുതൽ 23 വരെ പ്രായമുള്ള അഞ്ച് പെൺമക്കളുണ്ട്.
ഭാര്യയുടെ തലച്ചോറിന്റെ ഒരു ഭാഗം ടാക്കോസിനൊപ്പം( ഒരു മെക്സിക്കൻ വിഭവം) ഭക്ഷിക്കുകയും തലയോട്ടി ആഷ്ട്രേ ആയി ഉപയോഗിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാൾ ഭാര്യയുടെ മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുകയും ചെയ്തു.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം, തന്റെ രണ്ടാനമ്മയെ വിളിച്ചാണ് ഇയാൾ സംഭവത്തെക്കുറിച്ച് പറഞ്ഞത്. അൽവാരോ മയക്കുമരുന്നിന് അടിമയാണെന്നും അയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് കരുതുന്നുവെന്നും കൊല്ലപ്പെട്ട മരിയയുടെ അമ്മ പ്രതികരിച്ചു.
മരിയയുടെ പെൺമക്കളെ ഇയാൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതായും കുടുംബം ആരോപിച്ചു. അതിനിടെ, അന്വേഷണത്തിനിടെ ഇവരുടെ വീട്ടിൽ നിന്ന് മന്ത്രവാദ ബലിപീഠവും പോലീസ് കണ്ടെത്തി.