സ്വവർഗാനുരാഗ ഡേറ്റിംഗ് സൈറ്റിലൂടെ വിളിച്ചുവരുത്തി യുവാവിന്റെ പണം തട്ടിയവർ പിടിയിൽ
Sunday, July 2, 2023 11:32 PM IST
കോയമ്പത്തൂർ: സ്വവർഗാനുരാഗികൾക്കായുള്ള ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഐടി തൊഴിലാളികളായ നാല് മലയാളി യുവാക്കൾ പിടിയിൽ.
ഇടുക്കി സ്വദേശികളായ ആർ. ഗോഡ്വിൻ(24), സഞ്ജയ് വർഗീസ്(23), ആർ. മനോവ(23), ആർ. സൂര്യ(23) എന്നിവരെയാണ് കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ നിർമാണക്കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന തെങ്കാശി സ്വദേശിയായ യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. സ്വവർഗാനുരാഗ താൽപര്യമുള്ളവർക്കായുള്ള ഡേറ്റിംഗ് സൈറ്റിലൂടെ യുവാവുമായി പരിചയം സ്ഥാപിച്ച സൂര്യയാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.
സൂര്യയുടെ ക്ഷണം സ്വീകരിച്ച് വെള്ളിയാഴ്ച ശരവണംപ്പെട്ടിയിലെ ഇയാളുടെ വീട്ടിലെത്തിയ വേളയിലാണ് യുവാവ് ആക്രമിക്കപ്പെട്ടത്. പ്രതികളായ നാല് പേരും ചേർന്ന് യുവാവിന്റെ ഒന്നരപ്പവന്റെ മാല നിർബന്ധിച്ച് ഊരിവാങ്ങി. യുപിഐ അക്കൗണ്ട് വഴി 7,800 രൂപയും ഇവർ വാങ്ങിയെടുത്തു.
സംഭവത്തിന് ശേഷം യുവാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.