വെള്ളപ്പൊക്കത്തിനിടെ പോസ്റ്റിന് മുകളിൽ കുടുങ്ങി കർഷകർ; രക്ഷകരായി വ്യോമസേന
Saturday, July 1, 2023 9:10 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ജുനാഗധ് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിനിടെ വൈദ്യുത പോസ്റ്റിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന രണ്ട് കർഷകരെ എയർലിഫ്റ്റ് ചെയ്ത് വ്യോമസേന. വെള്ളിയാഴ്ച വൈകിട്ടോടെ പോസ്റ്റിൽ കുടുങ്ങിയ ഇവരെ ഇന്ന് വൈകിട്ടാണ് രക്ഷപ്പെടുത്തിയത്.
കെഷോദ് മേഖലയിലെ സത്രജ് ഗ്രാമത്തിലെ കർഷകരാണ് അപകടത്തിൽപ്പെട്ടത്. വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന ഗ്രാമമുഖ്യന്റെ മുന്നറിയിപ്പ് അവഗണിച്ച് കൃഷിയിടത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.
വയലിൽ പൊടുന്നനേ വെള്ളം പൊങ്ങിയതോടെ ഇവർക്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായില്ല. ഇവരെ കാണാതായെന്ന് ഗ്രാമവാസികൾ ദുരന്തനിവാരണ സേനയെ വിവരമറിയിച്ചിരുന്നു. തങ്ങൾ പോസ്റ്റിന് മുകളിൽ കുടുങ്ങിയതായി ഇവർ ഫോണിലൂടെ ഗ്രാമവാസികളെ അറിയിച്ചു.
ഈ വിവരം അറിഞ്ഞ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് കുതിച്ചെങ്കിലും ഉൾപ്രദേശമായതിനാൽ സേനാംഗങ്ങൾക്ക് കർഷകരുടെ അടുത്തേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. തുടർന്നാണ് വ്യോമസേനയുടെ സഹായം തേടിയത്.
ജാംനഗർ വ്യോമസേനാത്താവളത്തിൽ നിന്നെത്തിയ ഹെലികോപ്റ്ററിൽ ഇരുവരെയും എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. തുടർന്ന് ഇരുവരെയും സേനാത്താവളത്തിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.