യുഗാണ്ടയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി
Wednesday, June 21, 2023 7:02 PM IST
കംപാല: യുഗാണ്ടയിൽ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറു കുട്ടികളിൽ മൂന്നു പേരെ സൈന്യം രക്ഷപ്പെടുത്തി. സ്കൂളിനു പുറത്തുനിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ ഒരു സ്ത്രീയേയും രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. രണ്ട് തോക്കുകൾ പിടിച്ചെടുത്തു.
പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ടയിലുള്ള ലുബിരിര സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. അയൽരാജ്യമായ കോംഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അലൈഡ് ഡോമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 42 പേർ മരിച്ചു. ഭൂരിഭാഗവും സ്കൂൾ ഡോർമിറ്ററിയിലുണ്ടായിരുന്ന ആൺകുട്ടികളാണ്. ആൺകുട്ടികളെ വെട്ടിക്കൊല്ലുകയും ഡോർമിറ്ററിക്കു തീയിടുകയും ചെയ്തു.
ആക്രമണത്തിനു ശേഷം കോംഗോയിലെ വിരുംഗ വനമേഖലയിലേക്കാണ് ഭീകരർ കടന്നത്. എഡിഎഫ് ആക്രമണങ്ങൾ തടയാൻ സുഡാൻ, കോംഗോ സേനകൾ സംയുക്ത ഓപറേഷൻ നടത്തിയിരുന്നു.