ട്വിറ്റര്‍ പൂട്ടിക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ സിഇഒ; നിഷേധിച്ച് കേന്ദ്രം
Tuesday, June 13, 2023 11:09 AM IST
ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി. ഒരു പാശ്ചാത്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
വിദേശരാജ്യങ്ങളില്‍ ട്വിറ്റര്‍ നടത്തിപ്പില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഡോര്‍സി ഇന്ത്യയിലെ അനുഭവം പങ്കുവെച്ചത്. കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലാക്ക് ഔട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. മുന്നറിയിപ്പായി ജീവനക്കാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡുകള്‍ നടത്തിയെന്നും ഡോര്‍സി പറഞ്ഞു.
എന്നാല്‍ ഡോര്‍സി കള്ളം പറയുകയാണെന്ന വാദവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. കര്‍ഷകസമരകാലത്ത്, സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വ്യാജ വാര്‍ത്തകള്‍ ട്വിറ്ററിലൂടെ പ്രചരിച്ചു. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്.
ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പേരില്‍ ഒരിടത്തും റെയ്ഡ് നടന്നിട്ടില്ലെന്നും ആരും ജയിലില്‍ പോയിട്ടില്ലെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.