തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ജൂൺ 20-നകം സ്വത്തുവിവര പട്ടിക നൽകണമെന്ന് കമ്മീഷൻ
Saturday, June 10, 2023 7:06 PM IST
തിരുവനന്തപുരം: 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ ജൂൺ 20-നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സമ്പൂർണ വിവരം സമർപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ജനപ്രതിനിധിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് സമർപ്പിക്കണമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്തെ 1,200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21,900 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്. ഇവർ സത്യപ്രതിജ്ഞ ചെയ്ത് 30 മാസത്തിനകം സ്വത്തുവിവര പട്ടിക അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്നാണ് നിയമം.
പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചവർ 2020 ഡിസംബർ 21 -ന് സത്യപ്രതിജ്ഞ ചെയ്തതിനാലാണ് പട്ടിക നൽകാനുള്ള അവസാന തീയതിയായി ജൂൺ 20 നിശ്ചയിച്ചത്.