വിദ്യാർഥിനിയുടെ മരണം; അമൽ ജ്യോതി കോളജിനെതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്ന് കാഞ്ഞിരപ്പള്ളി രൂപത
Tuesday, June 6, 2023 10:19 PM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണത്തെപ്പറ്റി തെറ്റിധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ കോളജിനെതിരേ ചില തൽപരകക്ഷികൾ മനഃപൂർവം പ്രവർത്തിക്കുന്നതായും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.
ഈ സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കണമെന്ന ഉദ്ദേശ്യത്തോടെ, മുഖ്യധാരാ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കോളജ് അധികൃതർ പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് കോളജ് മാനേജ്മെന്റ് നേരത്തെത്തന്നെ പരാതി നൽകിയിരുന്നു.
വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം അസത്യമാണ്. വിവരങ്ങൾ പോലീസിലും കുട്ടിയുടെ മാതാപിതാക്കളോടും കൃത്യമായി അറിയിച്ചിരുന്നു.
ജൂൺ രണ്ടിനാണ് സംഭവം നടന്നത്. ഒരു മാസത്തെ അവധിക്കു ശേഷം ജൂൺ ഒന്നിനാണ് വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മടങ്ങിയെത്തിയത്. അന്നേദിവസം കുട്ടിയുടെ സർവകലാശാല പരീക്ഷാഫലം പുറത്തുവന്നിരുന്നു. മൂന്ന് സെമസ്റ്ററിലേയും ഫലങ്ങൾ ടാബുലേറ്റ് ചെയ്തപ്പോൾ ആകെയുള്ള 16 തിയറി പേപ്പറുകളിൽ 12 പേപ്പറുകളിൽ പരാജയപ്പെട്ടെന്ന് കുട്ടി അറിഞ്ഞു.
ജൂൺ രണ്ടിന് ഫുഡ് ടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ ക്ലാസിനിടെ ഫോൺ ഉപയോഗിച്ചതിന് കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങിവച്ചിരുന്നു. സർവകലാശാല നിയമപ്രകാരമുള്ള നടപടിയാണിത്.
ഇക്കാര്യം കുട്ടിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കളെ അറിയിക്കാൻ എച്ച്ഒഡി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഈ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു.
കോളജ്, യൂണിവേഴ്സിറ്റി നിയമപ്രകാരമാണ് ഇത് ചെയ്തത്. കൂടാതെ, മാതാപിതാക്കൾ കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്ന വേളയിൽ അതിന് സാധിക്കാതെ വന്നാൽ ഉടലെടുക്കാവുന്ന സുരക്ഷാപ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.
അതേ ദിവസം വൈകുന്നേരം 6.30-ന് കുട്ടിയുടെ ഹോസ്റ്റൽ റൂംമേറ്റിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചിരുന്നു. എന്നാൽ മാതാപിതാക്കളോട് സംസാരിക്കാൻ കുട്ടി വിസമ്മതിച്ചതായാണ് മനസിലാക്കുന്നത്.
തുടർന്ന് രാത്രിഭക്ഷണം കഴിക്കാനായി മറ്റുള്ള കുട്ടികൾ പോയപ്പോൾ ശ്രദ്ധ മുറിയിൽ തുടരുകയായിരുന്നു. സഹപാഠികൾ തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിൽ കാണുകയും സംശയം തോന്നി ജനൽ വഴി അകത്തേക്ക് നോക്കിയപ്പോൾ വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ കാണപ്പെടുകയുമായിരുന്നു.
കുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ സഹപാഠികൾ വാർഡനെയും മറ്റുള്ളവരെയും വിവരമറിയിച്ചു. ഉടനടി വിദ്യാർഥിനിയെ സമീപത്തുള്ള മേരിക്വീൻസ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഇതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ തന്നെ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിച്ചിരുന്നു.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, അവിടെ കൂടിയിരുന്നവരോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നില്ലായിരിക്കാം.
കാഴ്ചക്കാരായി നിൽക്കുന്നവരോട് ഇത്രയും സെൻസിറ്റീവായ വിഷയത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് നിർബന്ധമില്ല. അതിനാലായിരിക്കാം ഈ വിഷയത്തിൽ ഇത്രയും തെറ്റിധാരണകൾ ഉണ്ടായത്.
വിദ്യാർഥിനിയുടെ സംസ്കാര ശുശ്രൂഷകളിൽ കോളജ് മാനേജരും അധ്യാപകരും സഹപാഠികളായ വിദ്യാർഥികളും പങ്കെടുത്തിരുന്നു. സംഭവത്തിന്റെ രണ്ട് ദിവസങ്ങൾക്കു ശേഷം കോളജിൽ അരങ്ങേറിയ കാര്യങ്ങൾ വളരെ സങ്കടകരമാണ്.
കഴിഞ്ഞ രണ്ടുദിവസമായി ചില തൽപരകക്ഷികൾ കാന്പസിനുള്ളിൽ പ്രവേശിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. അസഭ്യവർഷമടക്കം നടത്തിയ ഇവർ കോളജിന്റെ പ്രവർത്തനം തടസപ്പെടുത്തി.
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ കോളജിനെ തകർക്കാനായി ചില തൽപരകക്ഷികൾ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നതായി മനസിലായിട്ടുണ്ട്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്തായി കണ്ടുവരുന്നു. ഇത് സങ്കടകരമാണ്.
മേലിൽ ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുത്. പോലീസ്, സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇതിനായി മാനേജ്മെന്റ് ഏതുതരത്തിലുള്ള അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്നും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.