ഭൂമിക്കടിയിലെ മുഴക്കം; കാഞ്ഞിരപ്പള്ളിയിൽ കൂടുതൽ പരിശോധനയ്ക്ക് ജിയോളജി വകുപ്പ്
Tuesday, May 30, 2023 7:03 PM IST
കാഞ്ഞിരപ്പള്ളി: ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും ഉണ്ടായ സ്ഥലത്ത് ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി. പ്രദേശത്തെ ഭൂമിക്ക് വിള്ളലോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.
മുഴക്കം കേട്ട ഭാഗത്ത് പാറക്കൂട്ടമായതിനാലാകാം ഇത്തരമൊരു പ്രതിഭാസമെന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ വിശദമായ പരിശോധന നടത്താമെനനും കോട്ടയം ജിയോജിസ്റ്റ് സി.എസ്. മഞ്ജു പറഞ്ഞു.
ഇന്ന് രാവിലെ 9.30 ഓടെയാണ് ജിയോളജി വകുപ്പിലെ സംഘം മുഴക്കം അനുഭവപ്പെട്ട ചേനപ്പാടി ഭാഗത്ത് പരിശോധന നടത്തിയത്. പ്രദേശവാസികളോടും പ്രാദേശിക ജനപ്രതിനിധികളോടും സംഘം സംസാരിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശേഷമാണ് പ്രദേശത്ത് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ തോട്ടപൊട്ടിയ പോലെ ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.
പിന്നാലെ പലരും വീടുകളിൽ നിന്നും പുറത്തിറങ്ങി. ചിലർ രാത്രി വൈകിയാണ് വീട്ടിലേക്ക് പ്രവേശിച്ചത്. പ്രദേശത്തെ ചില കിണറുകളിൽ വെള്ളം താഴ്ന്നിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.