"ഇന്ത്യയെ ദശാബ്ദങ്ങൾ പിന്നോട്ട് വലിക്കുന്ന ചടങ്ങ്'; പാർലമെന്റ് ഉദ്ഘാടനത്തെ വിമർശിച്ച് പവാർ
Sunday, May 28, 2023 6:01 PM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ രാജ്യത്തെ ദശാബ്ദങ്ങൾ പിന്നിലേക്ക് വലിക്കുന്ന തരത്തിലുള്ളതാണെന്ന വിമർശനവുമായി എൻസിപി നേതാവ് ശരദ് പവാർ.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ടിവിയിൽ കണ്ടപ്പോൾ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് നല്ല തീരുമാനമായി തോന്നിയെന്ന് പവാർ പ്രസ്താവിച്ചു.
അവിടെ കണ്ട കാഴ്ചകൾ ആശങ്കയുണർത്തുന്നതാണ്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത ആധുനിക ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാതെ കാര്യങ്ങളാണ് പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിലെ കർമങ്ങളിൽ കണ്ടത്.
രാജ്യത്തെ ദശാബ്ദങ്ങൾ പിന്നോട്ട് വലിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനാണ് നെഹ്റു ആഗ്രഹിച്ചത്. എന്നാൽ ഇന്നത്തെ ചടങ്ങുകൾ നെഹ്റു ചിന്തിച്ചതിന്റെ നേർവിപരീത ദിശയിലാണ് നീങ്ങിയത്.
ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരെ ക്ഷണിക്കാതിരുന്ന നടപടി ഈ ചടങ്ങ് ചിലർക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തെളിയിച്ചതായി പവാർ പ്രസ്താവിച്ചു.