പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാവിരുദ്ധം: തരൂർ
Monday, May 22, 2023 10:56 PM IST
ന്യൂഡൽഹി: പുതുതായി പണികഴിപ്പിച്ച പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
ഭരണഘടനയുടെ 60, 111 അനുച്ഛേദങ്ങൾ അനുസരിച്ച് രാഷ്ട്രപതിയാണ് പാർലമെന്റിന്റെ തലവനെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ഭൂമിപൂജ ചടങ്ങും നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയെ നിർവഹിച്ചത് വിചിത്രമായ നടപടിയാണ്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് പൊറുക്കാനാവാത്ത തെറ്റും ഭരണഘടനാവിരുദ്ധവുമാണെന്ന് തരൂർ കൂട്ടിച്ചേർത്തു.
ഹിന്ദുത്വ നയങ്ങളുടെ പ്രചാരകനായ വി.ഡി. സവർക്കറുടെ ജന്മദിനമായ മേയ് 28-നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. 2020 ഡിസംബറിലാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.