ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത് വന്യജീവികള്‍ക്ക് വേണ്ടിയല്ല; വീണ്ടും വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപത
Monday, May 22, 2023 3:14 PM IST
കോട്ടയം: കെസിബിസിക്കും ബിഷപ്പുമാര്ക്കുമെതിരായ വനംമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ റവ. ഡോ. കുര്യന് താമരശേരി. സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്കാരചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത് വന്യജീവികള്‍ക്ക് വേണ്ടിയല്ല.
വന്യജീവികളുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ അധികാരികള്‍ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്കാരത്തിന് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ നടത്തിയ പ്രസംഗം പ്രകോപനപരമെന്ന് പറയുന്നത് ദയനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങളാണ് സഭ ഉന്നയിക്കുന്നത്. അതില്‍ രാഷ്ട്രീയം കാണുന്നത് ശരിയല്ല. തങ്ങളിലൊരാള്‍ നഷ്ടപ്പെട്ടതിന്റെ വേദനയാണ് പങ്കുവച്ചത്. ഒരാള്‍ ദാരുണമായി മരിക്കുമ്പോള്‍ വൈകാരികമായിട്ടല്ലാതെ താത്വികമായി പ്രതികരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.
തങ്ങളുടെ വികാരം ഉള്‍കൊണ്ട് ഈ നാടിന്റെ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും റവ. ഡോ. കുര്യന് താമരശേരി ഓർമിപ്പിച്ചു.