ചിത്രം, വന്ദനം തുടങ്ങിയ സിനിമകളുടെ നിർമാതാവ് പി.കെ.ആർ. പിള്ള അന്തരിച്ചു
Tuesday, May 16, 2023 3:28 PM IST
തൃശൂർ: പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആര്. പിള്ള(92) അന്തരിച്ചു. കണ്ണാറ മണ്ടന്‍ചിറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. അവസാനകാലത്ത് ഓര്‍മക്കുറവും അദ്ദേഹത്തെ അലട്ടിയിരുന്നു.
ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി, വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടപയ്യന് എന്നിവയാണ് അദ്ദേഹം നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍. ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിലാണ് അദ്ദേഹം ചിത്രങ്ങൾ നിർമിച്ചിരുന്നത്.
1984-ൽ വെപ്രാളം എന്ന ചിത്രത്തിന്റെ നിർമാതാവായി സിനിമ ലോകത്തേക്ക് എത്തിയ അദ്ദേഹം 16 ചിത്രങ്ങൾ നിർമിച്ചു. നിരവധി ചിത്രങ്ങൾ വിതരണം ചെയ്തിട്ടുമുണ്ട്. സംസ്കാരം ബുധനാഴ്ച വൈകിട്ട് തൃശൂരിലെ വീട്ടിൽ.
ഭാര്യ രമ. രാജേഷ്, പ്രീതി, സോനു, അന്തരിച്ച നടന് സിദ്ധു എന്നിവരാണ് മക്കള്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018-ല്‍ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.