മെറ്റ ഗാലയിൽ നിറവയറുമായി; സെറീന വീണ്ടും അമ്മയാകുന്നു
Tuesday, May 2, 2023 5:24 PM IST
ന്യൂയോർക്ക്: വീണ്ടും അമ്മയാകാനൊരുങ്ങി ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. ന്യൂയോർക്കിലെ ഫാഷൻ വേദിയായ മെറ്റ് ഗാലയിലാണ് സെറീന താൻ രണ്ടാമതും ഗർഭിണിയാണെന്നത് സ്ഥിരീകരിച്ചത്.
ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഭർത്താവ് അലക്സിസ് ഒഹാനിയനൊപ്പം റെഡ് കാർപെറ്റിലെത്തിയ സെറീന മാധ്യമങ്ങളോട് പറഞ്ഞത് "ഞങ്ങൾ മൂന്നുപേർ' എന്നായിരുന്നു. 2017 ഒക്ടോബറിലാണ് സെറീന-അലക്സിസ് ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ഒളിമ്പ്യ ജനിക്കുന്നത്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന് അടിക്കുറിപ്പായി സെറീന എഴുതിയത് ‘ മെറ്റ ഗാലയിലേക്ക് ക്ഷണിച്ചപ്പോൾ ഞങ്ങൾ മൂവരും വളരെയധികം ആവേശത്തിലായിരുന്നു’ എന്നായിരുന്നു.
ജീവിതത്തിൽ മറ്റൊരു പാതയിലേക്ക് സഞ്ചരിക്കാൻ സമയമായെന്ന് കഴിഞ്ഞ വർഷം വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സെറീന പറഞ്ഞിരുന്നു. 'വിരമിക്കൽ' എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ സെറീന ബിസിനസിനും അടുത്ത കുഞ്ഞിനും ശ്രദ്ധ നൽകണമെന്നാണ് അഭിമുഖത്തിൽ പറഞ്ഞത്.