തൃശൂർ പൂരം; പൊതുജനങ്ങൾക്കും കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം
Thursday, April 27, 2023 10:40 PM IST
തൃശൂർ: തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കും കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. പൂരം നടക്കുന്ന ഏപ്രിൽ 28, 29, 30 മേയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്ടർ, ഹെലി കാം എയർ ഡ്രോൺ, ജിമ്മി ജിഗ് കാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായി ജില്ലാ ഭരണകൂടം നിരോധിച്ചു.
കൂടാതെ ആനകളുടെയും മറ്റും കാഴ്ചകൾ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എനിവയുടെ ഉപയോഗവും ഈ ദിവസങ്ങളിൽ പൂർണമായി നിരോധിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കേണ്ടതും ഭീഷണി ഉയർക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കയും വേണം.
അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ തൃശൂർ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രവേശിക്കരുത് എന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.