ഷൂമാക്കറുടെ വ്യാജ അഭിമുഖം; പത്രാധിപരെ പുറത്താക്കി ജർമൻ മാസിക
Sunday, April 23, 2023 12:54 AM IST
ബെർലിൻ: സ്കീയിംഗ് അപകടത്തിൽപ്പെട്ട് വിശ്രമം തുടരുന്ന ഫോർമുല വൺ സൂപ്പർതാരം മൈക്കിൾ ഷൂമാക്കറുടേതെന്നേ പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ അഭിമുഖം തയാറാക്കിയ പത്രാധിപരെ പുറത്താക്കി ജർമൻ മാസിക.
ഫങ്ക് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡൈ അക്ടുയെല്ല എന്ന മാസികയുടെ പത്രാധിപരായ ആൻ ഹോഫ്മാനെതിരെയാണ് നടപടി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, ഷൂമാക്കറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞതായി അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഡൈ ആക്ടുയെല്ലയുടെ പുതിയ പതിപ്പിൽ നിർമിതബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടർ തയാറാക്കിയ ലേഖനം ഷൂമാക്കറുടെ ആദ്യ അഭിമുഖം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.
മാസികയുടെ പുറംതാളിൽ ഷൂമാക്കറുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പം അഭിമുഖം എഐ നിർമിതം ആണെന്ന സൂചന നൽകിയിരുന്നെങ്കിലും സംഭവം തെറ്റിധാരണ പരത്തുന്നതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. മാസികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷൂമാക്കറുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.
2013 ഡിസംബറിൽ ഫ്രഞ്ച് ആൽപ്സ് പർവതനിരയിലെ മഞ്ഞുമലയിൽ വച്ച് നടന്ന അപകടത്തിൽ ഷൂമാക്കറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത ഷൂമാക്കറുടെ ആരോഗ്യനില സംബന്ധിച്ച് ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഷൂമാക്കർ അബോധാവസ്ഥയിൽ ആണെന്നും കോമ സ്റ്റേജിൽ തുടരുകയാണെന്നും ആഭ്യൂഹങ്ങളുണ്ട്.