സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടില്ല; നോട്ടിസ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
Friday, April 7, 2023 10:57 AM IST
ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ. സ്വത്ത് കണ്ടെത്തുന്നതിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ടിസ് പിൻവലിച്ച കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫിസറെ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നു ഹർജി തീർപ്പാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിന് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകി
കള്ളക്കടത്ത്, വിദേശനാണ്യ തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സ്വപ്നയുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നടപടി ആരംഭിച്ചത്.
എന്നാൽ തനിക്കെതിരെ കൊഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കിയതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അതോറിറ്റിക്ക് അധികാരമില്ലെന്നു കാണിച്ചാണു സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കവെ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിൻവലിച്ചതായി കേന്ദ്രം അറിയിക്കുകയായിരുന്നു.