വിരമിക്കുന്നതിന് തൊട്ടുമുമ്പ് സിസ തോമസിന് കുറ്റാരോപണ മെമ്മോ നൽകി സർക്കാർ
Friday, March 31, 2023 8:16 PM IST
തിരുവനന്തപുരം: അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല(കെടിയു) വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്ത ഡോ. സിസ തോമസിനെതിരെ കുറ്റാരോപണ മെമ്മോയുമായി സർക്കാർ. ജോലിയിൽ നിന്ന് വിരമിക്കാനായി ഒരു മണിക്കൂർ മാത്രം ശേഷിക്കെയാണ് ഡോ. സിസ തോമസിനെത്തേടി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മെമ്മോ എത്തിയത്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയത്. നേരത്തെ, മുൻകൂർ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിൽ ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിക്ക് മുൻപിൽ ഹാജരാകാൻ ഡോ. സിസയ്ക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു.
സർവീസിൽ നിന്നു വിരമിക്കുന്ന ദിവസമായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഈ സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ലെന്നും ഡോ. സിസ അറിയിച്ചിരുന്നു.
സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഡോ. സിസയെ തൽസ്ഥാനത്തേക്ക് നിയമിച്ചത്.
രാജശ്രീക്ക് പകരം താൽക്കാലിക വിസിയായി നിയമിക്കാനായി സർക്കാർ സമർപ്പിച്ച ലിസ്റ്റ് തള്ളിയ ഗവർണർ, ഡോ. സിസാ തോമസിന് ചുമതല കൈമാറുകയായിരുന്നു.