റഷ്യൻ സൈബർ യുദ്ധതന്ത്രങ്ങൾ വെളിപ്പെടുത്തി "വൾക്കൻ ലീക്സ്'
Thursday, March 30, 2023 10:35 PM IST
മോസ്കോ: എൻടിസി വൾക്കൻ എന്ന സോഫ്റ്റ്വെയർ സ്ഥാപനം മറയാക്കി റഷ്യ സൈബർ കുറ്റകൃത്യങ്ങൾ നടത്തിയതായി വെളിപ്പെടുത്തൽ. രാജ്യാന്തര മാധ്യമസംഘം നടത്തിയ അന്വേഷണത്തിലാണ് യുക്രെയ്ൻ യുദ്ധത്തിലടക്കം റഷ്യ നടത്തിയ സൈബർ പോരാട്ടത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
റഷ്യയുടെ ആഭ്യന്തര ചാരസംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവീസുമായി(എഫ്എസ്ബി) ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് 2010-ൽ ആന്റൺ മർക്കോവ് എന്നയാൾ സ്ഥാപിച്ച വൾക്കൻ. ബാഹ്യ ഇടപെടലുകളിൽ സാധാരണ സോഫ്റ്റ്വെയർ കമ്പനികളെപ്പോലെ പ്രത്യക്ഷപ്പെടുന്ന വൾക്കന്‍ റഷ്യയുടെ അന്തർദേശീയ ഇന്റലിജൻസ് സംവിധാനവുമായും ബന്ധമുണ്ട്.
യുക്രെയ്നിലെ വൈദ്യുതബന്ധം തകരാറിലാക്കാനായി സാൻഡ്വേം എന്ന കമ്പനിയുടെ സഹായം മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൾക്കൻ തേടിയിരുന്നു. സൈബർ സുരക്ഷയിലെ പാളിച്ചകൾ കണ്ടെത്താനും ഭാവിയിലേക്കുള്ള ഹാക്കിംഗിനായി ഇവ സൂക്ഷിച്ച് വയ്ക്കാനുമാണ് സാൻഡ്വേമിനെ റഷ്യ ഉപയോഗപ്പെടുത്തിയത്.
1988-ലെ സോൾ ഒളിംപിക്സ് സിസ്റ്റത്തിൽ ഹാക്കിംഗ് നടത്തിയതും ലോകമെമ്പാടും സാമ്പത്തികത്തട്ടിപ്പ് നടത്താനുള്ള നോട്ട്പെറ്റ്യാ എന്ന മാൽവെയർ സൃഷ്ടിച്ചതും സാൻഡ്വേം ആയിരുന്നു.
റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിലെ കംപ്യൂട്ടറുകൾ നീരിക്ഷിക്കാനും സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജവാർത്ത പ്രചരിപ്പിക്കാനും അമേസിറ്റ് എന്ന കമ്പനിയുടെ സേവനവും വൾക്കൻ ഉപയോഗപ്പെടുത്തി. വൾക്കൻ സ്വന്തമായി വികസിപ്പിച്ച ക്രിസ്റ്റൽ 2-വി എന്ന പ്രോഗ്രാമിലൂടെ റെയിൽ, വ്യോമ, നാവിക ഗതാഗതസംവിധാനങ്ങൾ തകരാറിലാക്കാൻ സൈബർ പോരാളികൾക്ക് പരിശീലനവും നൽകി.
അമേരിക്കയിലെ കംപ്യൂട്ടർ സെർവറുകളുടെ ഭൂപടവും സ്വിറ്റ്സർലൻഡിലെ ആണവനിലയത്തിന്റെ ബ്ലൂപ്രിന്റുമടക്കമുള്ള രേഖകളും വൾക്കന്റെ പക്കലുണ്ട്.
2016 മുതൽ 2021 വരെയുള്ള റഷ്യൻ സൈബർ പോരാട്ട പദ്ധതികളുടെ രേഖകളും കരാറുകളും പുറത്തുവിട്ടത് വൾക്കനിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയാണ്. മികച്ച വേതനം ലഭിച്ചിരുന്നെങ്കിലും യുക്രെയ്നിൽ റഷ്യ നടത്തിയ അതിക്രമങ്ങളാണ് തന്നെ "വിസിൽ ബ്ലോവർ'(രഹസ്യം വെളിപ്പെടുത്തുന്നയാൾ) ആക്കിയതെന്ന് ഇയാൾ അറിയിച്ചു.
120 ജീവനക്കാരുള്ള വൾക്കൻ, റഷ്യൻ സർക്കാരിന്റെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ്. അതീവ രഹസ്യസ്വഭാവമുള്ള സൈനിക പ്രോജക്ടുകളിൽ പങ്കാളിയാകാൻ 2011-ലാണ് വൾക്കന്‍ അനുമതി ലഭിച്ചത്.