കൊളംബിയയിൽ സൈനിക താവളത്തിന് നേരെ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു
Thursday, March 30, 2023 11:41 AM IST
ബഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് സൈനികർക്കും പരിക്കേറ്റു.
എൽ കാർമെൻ മുനിസിപ്പാലിറ്റിയിലെ താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നാഷണൽ ലിബറേഷൻ ആർമിയിലെ (ഇഎൽഎൻ) വിമതർ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നെന്ന് സർക്കാർ ആരോപിച്ചു.
കൊളംബിയയിൽ "സമ്പൂർണ സമാധാനം' കൊണ്ടുവരാനുള്ള പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പദ്ധതിയുടെ ഭാഗമായി സർക്കാരും ഇഎൽഎന്നും സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കെയാണ് ആക്രമണം.
നവംബർ മുതൽ ഇരുപക്ഷവും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഉഭയകക്ഷി വെടിനിർത്തലിന് ധാരണയായിട്ടില്ല.