വീറോടെ വീണ്ടും വെല്ലുവിളി
വി. ശ്രീകാന്ത്
Saturday, March 11, 2023 3:33 PM IST
മുഖ്യമന്ത്രിക്കെതിരേ വെല്ലുവിളികൾ തുടരുകയാണ് സ്വപ്ന. പിണറായി വിജയനാകട്ടെ ആ ഭാഗത്തേക്ക് ഗൗനിക്കുന്നതേയില്ല. അതെന്താ മുഖ്യാ നിങ്ങൾ സ്വപ്നയുടെ വായ് അടപ്പിക്കാത്തതെന്ന് ചോദിച്ചാൽ സ്വപ്ന പറയുന്നതിന്റെ പിറകെ പോകലല്ല എന്റെ പണിയെന്നുള്ള മറുപടി മുഖ്യൻ മനസിൽ കരുതിയിട്ടുമുണ്ടാകണം.
പ്രതിഷേധങ്ങളെ കരുതൽ തടങ്കലിലാക്കി ആരോപണങ്ങളെ ധാർഷ്ട്യത്തോടെ നേരിടുന്ന മുഖ്യന്റെ ശൈലി സ്വപ്നയിലേക്ക് എത്തുന്പോൾ മാത്രം ഒന്ന് അയഞ്ഞ് കൊടുക്കുന്നപോലെ ജനങ്ങൾക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.
എന്തോ എവിടെയോ ഒരു വശപ്പിശക് പോലെ. സ്വപ്നയുടെ വെളിപ്പെടുത്തലോടെ വിജേഷ് പിള്ള ഇപ്പോൾ താരമായിരിക്കുകയാണ്. ചർച്ചകളുടെ വലയത്തിൽപെട്ട് എന്തൊക്കെയോ വിളിച്ച് പറയുകയാണ് കക്ഷി. സ്വപ്ന പറഞ്ഞതെല്ലാം മറ്റൊരു വിധത്തിൽ ശരിയായി പറഞ്ഞ് വിജേഷ് ഇപ്പോൾ എയറിലാണ്.
വിജേഷ് പിള്ളയുടെ നീക്കം
സ്വപ്ന പറയുന്നത് അനുസരിച്ച് 30 കോടിയുടെ ഓഫറും പിന്നീടുള്ള ഭീഷണിയുമെല്ലാം ശരിയോ തെറ്റോ എന്നും ഇപ്പോഴും വെളിവായിട്ടില്ല. ഇടയ്ക്കിടെ ചാനലുകളിലെത്തി വെളിപ്പെടുത്തലുകൾ നടത്താറുള്ള സ്വപ്നയെ തന്റെ ഒടിടി പ്ലാറ്റ് ഫോമിലേക്ക് എത്തിച്ച് പണം കൊയ്യാനുള്ള ശ്രമമാണ് വിജേഷ് നടത്തിയതെന്നെല്ലാം പറഞ്ഞാൽ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ കുഴങ്ങുകയാണ് മലയാളികൾ.
ഭീഷണി പേടിച്ചിട്ടാണ് ഈ കാര്യങ്ങളത്രയും വിളിച്ച് പറഞ്ഞതെന്നാണ് സ്വപ്ന പറയുന്നത്. ആരോ തന്നെ കുടുക്കാൻ നോക്കുന്നുവെന്ന് സ്വപ്നയ്ക്കുണ്ടായ തോന്നലിനെ തെറ്റ് പറയാൻ പറ്റില്ല. വെല്ലുവിളികൾ തുടരുന്പോൾ എതിർ ചേരിയിലുള്ളവരുടെ പലരീതിയിലുള്ള നീക്കങ്ങൾ സ്വപ്ന പ്രതീക്ഷിക്കണമല്ലോ. വിജേഷ് പിള്ളയുടെ ഇത്തരത്തിലുള്ള നീക്കത്തിന് ഇപ്പോഴും ഒരു വ്യക്തതയില്ല.
സ്വപ്നയുടെ നൊന്പരം
ഏത് കേസിനെയും നേരിടാൻ താൻ തയാറാണെന്നും എതിർ കക്ഷികൾ കേസിന് പോകുന്ന പക്ഷം തന്റെ പക്കലുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയാറാണെന്ന് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിട്ടുണ്ട്.
അപ്പോഴും സ്വപ്നയുടെ നൊന്പരം മുഖ്യമന്ത്രിയും കുടുംബവും തനിക്കെതിരെ കേസ് കൊടുക്കുന്നില്ലായെന്നുള്ളതാണ്. അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ ചൊടിപ്പിച്ച് മറുപടി പറയിക്കുക എന്ന തന്ത്രമാണ് സ്വപ്ന സ്വീകരിക്കുന്നത്. അത് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം.
മുഖ്യന്റെ മൗനം
സിപിഎം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയനായി ഒരു വലയം തീർത്തിരിക്കുകയാണ്. പിണറായി വിജയനായി സ്വപ്ന വിഷയത്തിൽ സംസാരിക്കുന്നത് പോലും അദ്ദേഹമാണ്.
മുഖ്യമന്ത്രിയുടെ മൗനം തന്നെയാണ് ഇപ്പോൾ പാർട്ടിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടാവാം. പക്ഷേ എത്രനാൾ ഇങ്ങനെ പിണറായി വിജയൻ മിണ്ടാതിരിക്കും. അതല്ലല്ലോ അദ്ദേഹത്തിന്റെ രീതി. പേടിക്കാനില്ലെങ്കിൽ പിന്നെ മറുപടി കൊടുത്താൽ എന്താണ് പ്രശ്നമെന്ന് ജനങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ലല്ലോ.