നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം; ഇനി നാലു മാസം വിശ്രമം
Saturday, March 11, 2023 10:51 AM IST
ദോഹ: കണങ്കാലിനു പരിക്കേറ്റ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മറുടെ ശസ്ത്രക്രിയ വിജയകരം. ദോഹയിലെ ആസ്പെതാർ കായിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിഎസ്ജി പ്രസ്താവനയിൽ പറഞ്ഞു.
ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലെയ്ക്കെതിരായ മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. താരത്തിന്റെ വലതു കണങ്കാലിന്റെ ലിഗമെന്റിനാണ് ക്ഷതമേറ്റത്. പരിക്ക് മാറി പരിശീലനത്തിലേക്ക് തിരിച്ചുവരാൻ നാലുമാസംവരെ എടുക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
പുതിയ സീസണിൽ മികച്ച ഫോമിലായിരുന്നു നെയ്മർ. ലീഗിൽ 13 ഗോളും പത്ത് അസിസ്റ്റുമുണ്ട്.