സുപ്രീം കോടതി വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ
Friday, March 10, 2023 2:47 PM IST
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം പരിഹരിക്കാൻ നിയമനിർമാണത്തിന് ഒരുങ്ങുന്ന സംസ്ഥാന സർക്കാരിനെതിരേ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു.
സർക്കാർ നീക്കത്തിനെതിരേ വരുന്ന ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കും. മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്നും നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. കോട്ടയത്ത് ചേർന്ന സഭാ സുന്നഹദോസിന്റെയും പ്രവർത്തക സമിതിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം പരിഹരിക്കുന്നതിനായുള്ള നിയമനിർമാണ കരടിന് കഴിഞ്ഞ ദിവസം ഇടതുമുന്നണി അംഗീകാരം നൽകിയിരുന്നു. ഏറെക്കാലമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്.
പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം.