എം.വി.ഗോവിന്ദന് പോലും കെ-റെയിലിനെ കുറിച്ച് ധാരണയില്ല: വിമർശനവുമായി ഷാഫി പറമ്പിൽ
Tuesday, March 7, 2023 3:37 PM IST
പാലക്കാട്: കെ-റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിൽക്കാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ.
കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്ന കാര്യമെങ്കിലും സിപിഎം അവരുടെ സംസ്ഥാന സെക്രട്ടറിക്ക് പറഞ്ഞ് കൊടുക്കണമെന്ന് ഷാഫി പറഞ്ഞു. തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഇത്രയും വലിയ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ്. അതിന്റെ അലൈൻമെന്റ് അവരുടെ സംസ്ഥാന സെക്രട്ടറിക്ക് പോലും അറിയില്ല. ഷൊർണൂരിൽ പോയാൽ കെ-റെയിലിൽ കയറാമെന്നാണ് എം.വി.ഗോവിന്ദന് പറയുന്നത്. എന്നാൽ ഷൊർണൂരിൽ കെ-റെയിലിന് സ്റ്റോപ്പില്ല. തിരൂര്‍ കഴിഞ്ഞാൽ പിന്നെ തൃശൂരാണ് സ്റ്റോപ്പ് എന്നും ഷാഫി പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലക്കാട് തൃത്താലയിൽ നൽകിയ സ്വീകരണത്തിലാണ് കെ-റെയിൽ വന്നാൽ കൂറ്റനാടുള്ളവർക്ക് ഷൊർണൂരിൽ പോയി എളുപ്പത്തിൽ കച്ചവടം നടത്താമെന്ന് ഗോവിന്ദൻ പറഞ്ഞത്.