ബിഹാറികൾക്ക് തമിഴ്നാട്ടിൽ മർദനമേറ്റെന്ന വ്യാജപ്രചരണം; ബിജെപി നേതാവിനെതിരെ കേസ്
Saturday, March 4, 2023 7:32 PM IST
ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ ക്രൂരമർദനമേറ്റെന്ന വ്യാജപചരണം നടത്തിയ ബിജെപി നേതാവടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു. വ്യാജവാർത്ത പ്രചരിപ്പിച്ച ഹിന്ദി മാധ്യമപ്രവർത്തകനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി നേതാവായ പ്രശാന്ത് ഉമ്രാവുവിനെതിരെയും പ്രമുഖ ഹിന്ദി ദിനപത്രത്തിലെ ലേഖകനെതിരെയുമാണ് തമിഴ്നാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമടക്കം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
തമിഴ്നാട്ടിൽ 12 ബിഹാറികളെ തൂക്കിലേറ്റി കൊലപ്പെടുത്തിയതായി ഉമ്രാവു ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന്റെ അടിസ്ഥാനത്തിൽ, തമിഴ്നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് നേരെ വ്യാപക ആക്രമണം നടക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എം.കെ. സ്റ്റാലിന്റെ സപ്തതി ആഘോഷത്തിനായി ആർജെഡി നേതാവ് തേജ്വസി യാദവടക്കമുള്ളവർ ചെന്നൈയിൽ എത്തിയ വേളയിലാണ് സാമൂഹ്യമാധ്യമങ്ങളിൽ ഈ പ്രചരണം വ്യാപിച്ചത്. ഭയചകിതരായ തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് പാലായനം ചെയ്യാൻ റെയിൽവേ സ്റ്റേഷനുകളിൽ കൂട്ടമായി എത്തിച്ചേർന്നിരുന്നു.
ഇതിനിടെ, പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും തൊഴിലാളികൾ സുരക്ഷിതമാണെന്നും സ്റ്റാലിൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.