ഏഷ്യാനെറ്റ് ഓഫീസ് ആക്രമണം; കെയുഡബ്ല്യുജെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും
Saturday, March 4, 2023 2:16 PM IST
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജണല്‍ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് അപലപിച്ചു.
വാര്‍ത്തകളോട് വിയോജിപ്പോ എതിര്‍പ്പോ വരുന്ന ഘട്ടങ്ങളില്‍ മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് കെയുഡബ്ല്യുജെ പ്രതിനിധികള്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
അതിക്രമത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന് ശനിയാഴ്ച 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും.
വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ പാലരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലീസെത്തിയാണ് നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുമുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി.