തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ ഭേദഗതി വരുത്തി സുപ്രീം കോടതി
Thursday, March 2, 2023 7:29 PM IST
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനപ്രക്രിയയിൽ മാറ്റം വേണമെന്ന് വിധിച്ച് സുപ്രീം കോടതി. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാനായി, തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലിൽ പ്രതിപക്ഷ നേതാവിനെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും ഉൾപ്പെടുത്തി.
നിലവിൽ പ്രധാനമന്ത്രി നിർദേശിക്കുന്ന സാധ്യതാ പട്ടികയിൽ നിന്ന് പ്രസിഡന്റിന്റെ അനുമതിയോടെയാണ് കമ്മീഷണർമാരെ നിയമിക്കുന്നത്. പ്രതിപക്ഷത്തിനും ജുഡീഷ്യറിക്കും പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനും സുതാര്യത നടപ്പിലാക്കാനുമാണ് പുതിയ നയം സ്വീകരിക്കുന്നത്.
ലോക്സഭയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് ഇല്ലെങ്കിൽ, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെയാകും പാനലിൽ ഉൾപ്പെടുത്തുക.
ഭേദഗതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തമായി സെക്രട്ടേറിയറ്റ്, നിയമസംഹിത, സ്വതന്ത്ര ബജറ്റ്, ഇംപീച്ച്മെന്റിൽ നിന്നുള്ള സംരക്ഷണം എന്നിവയും ലഭിക്കും. സർക്കാരിന്റെ അനുമതിക്ക് കാത്ത് നിൽക്കാതെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് കമ്മീഷന് സ്വന്തമായി പണം പിൻവലിക്കാമെന്നും കോടതി വിധിച്ചു.
ജസ്റ്റീസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിധിയെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്തു.