കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടം സ്രാവിന്റെ വയറ്റിൽ
Wednesday, March 1, 2023 12:32 AM IST
ബ്യൂണസ് ഐറിസ്: അർജന്റീനയിൽ ഫെബ്രുവരി മാസം ആദ്യം കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽ നിന്നും കണ്ടെത്തി.
ഫെബ്രുവരി 18ന് 32 കാരനായ ഡീഗോ ബാരിയയെ അർജന്റീനയുടെ തെക്കൻ ചുബുട്ട് പ്രവിശ്യയുടെ തീരത്തിന് സമീപം വച്ചാണ് അവസാനമായി കണ്ടത്. ഡീഗോയുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ കാണാതായ ഇയാളെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പത്ത് ദിവസത്തിന് ശേഷം, ഡീഗോയുടെ വാഹനം കണ്ടെത്തിയതിന് സമീപത്ത് നിന്ന് മൂന്ന് സ്കൂൾ സ്രാവുകളെ രണ്ട് മത്സ്യത്തൊഴിലാളികൾ പിടികൂടി.
അവർ സ്രാവുകളെ മുറിക്കുന്നതിനിടെ വയറ്റിൽ നിന്നും മനുഷ്യ കൈയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. അവർ ഉടൻ തന്നെ കോസ്റ്റ്ഗാർഡ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഡീഗോയുടെ കൈയിലെ ടാറ്റു കണ്ട് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. അതേസമയം, ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട്.