മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്; കളക്ട്രേറ്റുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
Wednesday, February 22, 2023 4:02 PM IST
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കളക്ട്രേറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഏജന്റുമാരുമായി ഒത്തുകളിച്ച് പണം തട്ടുന്നതായി വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഓപ്പറേഷന് സിഎംഡിആര്‍എഫ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ലഭിക്കാന്‍ ജില്ലാ കളക്ട്രേറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രേഖകള്‍ പരിശോധിച്ച ശേഷം അര്‍ഹരെന്ന് കണ്ടെത്തുന്നവരുടെ അപേക്ഷകളാണ് സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുക. എന്നാല്‍ ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഹാജരാക്കി ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തുകയാണെന്നാണ് വിവരം.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും വരുമാന സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ ഹാജരാക്കിയിട്ടുണ്ട്. രണ്ട് രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. അനര്‍ഹരായ ആളുകളുടെ പേര് ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കും. എന്നാൽ ഏജന്റിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ നമ്പറുമാണ് നല്‍കുക.
പണം ലഭിച്ചുകഴിഞ്ഞാല്‍ ഇയാള്‍ക്കും ഒരു വിഹിതം നല്കിയ നല്കിയ ശേഷം പണം ഉദ്യോഗസ്ഥനും ഏജന്റും പങ്കുവയ്ക്കും. സഹായത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവരുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്.
പണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരെ സമീപിക്കുന്ന ഏജന്റ് അപേക്ഷയോടൊപ്പം ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നൽകി പണം തട്ടും.