കെഎസ്ആർടിസി ശന്പളം: മന്ത്രിയുടെ നിലപാട് സർക്കാർ നയത്തിനു വിരുദ്ധമെന്ന് ബാലൻ
Sunday, February 19, 2023 10:58 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരേ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബാലൻ. ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്നത്തിൽ ഏകപക്ഷീയമായ തീരുമാനം എടുത്തതിനുശേഷം യൂണിയനുകളുമായി വേണമെങ്കിൽ ചർച്ച ചെയ്യാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്ന് ബാലൻ പ്രതികരിച്ചു.
കെഎസ്ആർടിസിയിൽ ദീർഘകാലമായി നിലനിൽക്കുന്ന പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഇപ്പോൾ മാനേജ്മെന്റ് നിലപാട് സ്വീകരിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 2022 സെപ്റ്റംബർ അഞ്ചിന് ചർച്ച ചെയ്ത് തീരുമാനിച്ച കാര്യത്തിൽ എവിടേയും മാസ ശന്പളം ഗഡുക്കളായി കൊടുക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിയോ, മാനേജ്മെന്റോ പറഞ്ഞിരുന്നില്ല. ഇതിനു വിരുദ്ധമായ നിലപാട് മാനേജ്മെന്റ് സ്വീകരിക്കുന്നതിന് പിന്നിൽ മറ്റെന്തോ അജണ്ടയാണുള്ളതെന്നും ബാലൻ ആരോപിച്ചു.