രഞ്ജി ട്രോഫി: ബംഗാളിനെ ഒതുക്കി സൗരാഷ്ട്ര
Thursday, February 16, 2023 6:33 PM IST
കോൽക്കത്ത: രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗാളിനെ ചെറിയ സ്കോറിന് ഒതുക്കി സൗരാഷ്ട്ര. ചേതൻ സകരിയ, ജയദേവ് ഉനാദ്ഘട്ട് എന്നിവരുടെ ബൗളിംഗ് കരുത്തിന് മുമ്പിൽ പതറിയ ബംഗാൾ 174 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറിങ്ങിയ സൗരാഷ്ട്ര ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്.
നൈറ്റ് വാച്ച്മാൻ ചേതൻ സകരിയയ്ക്കൊപ്പം(2) ഓപ്പണർ ഹാർവിക് ദേശായ്(38) ആണ് ആദ്യ ദിനം സ്റ്റംപ്സ് എടുത്തപ്പോൾ ക്രീസിൽ. ബംഗാളിന്റെ സ്കോറിന് 93 റൺസ് മാത്രം പിന്നിലാണ് അതിഥികൾ.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് തുടക്കം മുതൽ പിഴച്ചു. രണ്ട് മുൻനിര ബാറ്റർമാർ പൂജ്യത്തിന് പുറത്തായതോടെ 13 ഓവറിൽ 34-5 എന്ന നിലയിലായിരുന്നു ബംഗാൾ. പിന്നീട് ഷഹ്ബാസ് അഹ്മദ്(69), അഭിഷേക് പോരൽ(50) എന്നിവർ നടത്തിയ പോരാട്ടമാണ് ടീമിനെ 150 റൺസ് കടത്തിയത്. ബംഗാളിന്റെ ഏഴ് ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്.
ഉനാദ്ഘട്ട് 13.1 ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ സകരിയ 33 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ചിരാഗ് ജാനി, ധർമേന്ദ്രസിൻഹ് ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ജയ് ഗോഹിൽ(6), വിശ്വരാജ് ജഡേജ(25) എന്നിവരാണ് സൗരാഷ്ട്ര നിരയിൽ പുറത്തായ ബാറ്റർമാർ. ആകാശ് ദീപ്, മുകേഷ് കുമാർ എന്നിവരാണ് ഇവരെ പുറത്താക്കിയത്.