കാലിക്കൂട്ടത്തിന് കാവൽ; വന്ദേ ഭാരത് ഇനി വേലിക്കുള്ളിൽ
Thursday, February 16, 2023 6:56 PM IST
മുംബൈ: വന്ദേ ഭാരത് ട്രെയിനുകളിൽ കന്നുകാലികൾ ഇടിക്കുന്നത് തടയാനായി ലോഹ വേലി പണിയാനൊരുങ്ങി വെസ്റ്റേൺ റെയിൽവേ. വന്ദേ ഭാരതിന്റെ മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് വേലികൾ പണിയുക.
മുംബൈ മുതൽ സോലാപ്പൂർ, ഷിർദ്ദി മേഖലകൾ വരെ വേലികൾ സ്ഥാപിക്കാനാണ് റെയിൽവേയുടെ നീക്കം. കല്യാൺ മേഖലയ്ക്ക് ശേഷമുള്ള വിശാലമായ ഭൂപ്രദേശത്ത്, മേച്ചിൽപ്പുറങ്ങൾക്ക് സമീപത്ത് കൂടിയാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്.
ഈ പ്രദേശത്തെ ആയിരക്കണക്കിന് കന്നുകാലികളെ സംരക്ഷിക്കാനും ഫൈബർ ബോഡിയുള്ള ട്രെയിനുകൾക്ക് കേടുപാട് വരുന്നത് ഒഴിവാക്കാനുമാണ് പുതിയ നീക്കം.
640 കിലോമീറ്റർ ദൂരത്ത് വേലികൾ സ്ഥാപിക്കാനായി 245.26 കോടി രൂപ ചെലവ് വരുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. മേയ് അവസാന വാരത്തിനുള്ളിൽ ജോലികൾ തീർക്കാനാണ് ശ്രമം.