പുരുഷൻ പ്രസവിച്ചെന്ന പ്രചരണം തെറ്റെന്ന് എം.കെ. മുനീർ
Sunday, February 12, 2023 8:34 PM IST
കോഴിക്കോട്: ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദും സിയയും മാതാപിതാക്കളായ സംഭവത്തിൽ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ. പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല. പുരുഷൻ പ്രസവിച്ചെന്നാണ് മാധ്യമങ്ങൾ പോലും പറയുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞതെന്നും മുനീർ പറഞ്ഞു.
കോഴിക്കോട് വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കവേയാണ് മുനീർ ഇക്കാര്യങ്ങൾ പറഞ്ഞത്. രാജ്യത്ത് സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ ആദ്യ ട്രാൻസ് ദമ്പതികളായ സിയ - സഹദ് എന്നിവരെപ്പറ്റിയുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് മുനീർ ഈ പ്രസ്താവനകൾ നടത്തിയത്.
സ്ത്രീയായി ജനിച്ച് പുരുഷനായി ഐഡിന്റിഫൈ ചെയ്യാൻ ആഗ്രഹിച്ച സഹദ്, ലിംഗമാറ്റ ശസ്ത്രക്രിയ നിർത്തിവച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സഹദ് സ്തനങ്ങൾ നീക്കം ചെയ്തെങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. കുഞ്ഞ് വേണമെന്ന ദമ്പതികളുടെ ആഗ്രഹ പ്രകാരം, സ്ത്രീയായി ജനിച്ച് പുരുഷനായി ഐഡിന്റിഫൈ ചെയ്യാൻ ആഗ്രഹിച്ച സിയയിൽ നിന്ന് സഹദ് ഗർഭം ധരിക്കുകയായിരുന്നു.
വൈകാതെ തന്നെ ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി, ജെൻഡർ മാറ്റം കൈവരിക്കും. ഇതോടെ സിയ കുട്ടിയുടെ അമ്മയും സഹദ് അച്ഛനുമായി തീരും.