കൗ ഹഗ് ഡേ; പരിഹസിച്ച് ശശി തരൂർ
Saturday, February 11, 2023 6:39 PM IST
തിരുവനന്തപുരം: ഫെബ്രുവരി 14 പശു ആലിംഗന ദിനം(കൗ ഹഗ് ഡേ) ആയി ആചരിക്കണമെന്ന വിവാദ നിർദേശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. കൗ എന്ന ഇംഗ്ലീഷ് വാക്ക് പല രീതിയിൽ ഉപയോഗിച്ചാണ് ഹിന്ദു രാഷ്ട്രവാദികളെ തരൂർ പരിഹസിച്ചത്.
പശുവിനെ ആലിംഗനം ചെയ്യാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചത് തങ്ങൾക്കെതിരെ ഉയർന്ന പരിഹാസങ്ങളിൽ ചൂളിപ്പോയത് കൊണ്ടാണോയെന്നും അതോ ഭീരുത്വം മൂലം ആണോയെന്നും തരൂർ ട്വിറ്ററിലൂടെ ചോദിച്ചു.
കൗഡ്(പരിഹാസം/ഭയം മൂലമുള്ള പിന്മാറ്റം), കവഡൈസ്(ഭീരുത്വം) എന്നീ പ്രയോഗങ്ങൾ ഇംഗ്ലീഷിൽ എഴുതുമ്പോൾ, "കൗ' എന്ന വായിക്കാവുന്ന അക്ഷരങ്ങൾ വരുന്ന ഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് തരൂർ പരിഹാസം ചൊരിഞ്ഞത്. നിങ്ങളുടെ ഗയ്(പങ്കാളി) ആലിംഗനം അർഹിക്കുന്നു എന്നത് "ഗായ്'(പശു) എന്ന് ഹിന്ദു രാഷ്ട്രവാദികൾ തെറ്റി കേട്ടത് ആയിരിക്കുമെന്നും തരൂർ കുറിച്ചു.