മോദിയും കൂട്ടരും ഭയക്കുന്നു; അദാനി വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി
വെബ് ഡെസ്ക്
Monday, February 6, 2023 5:03 PM IST
ന്യൂഡൽഹി: അദാനിയുടെ ഓഹരിതട്ടിപ്പിനെക്കുറിച്ച് ചർച്ച വേണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് സത്യം അറിയാൻ വേണ്ടിയാണ് കഴിഞ്ഞ രണ്ടു വർഷമായി ഈ വിഷയം താൻ ഉന്നയിക്കുന്നത്. ലക്ഷക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഒരാൾ തട്ടിയെടുത്തിരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു.
അദാനി ഗ്രൂപ്പിന് പിന്നിലെ ശക്തികൾ ആരാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ഇപ്പോൾ ഭയപ്പാടിലാണ്. അദാനി വിഷയം ചർച്ച ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. അദാനിയെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാതിരിക്കാൻ മോദി എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. "അദാനി സർക്കാർ, ലജ്ജാ നാണക്കേട്' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ നടത്തളത്തിലിറങ്ങി. ഇതേ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.