സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണം: വിവരാവകാശ കമ്മിഷൻ
Sunday, January 29, 2023 11:14 PM IST
തിരുവനന്തപുരം: ഇന്റർവ്യൂ ബോർഡുകൾ ഉദ്യോഗാർഥികൾക്ക് മാർക്ക് നൽകുന്നതിലെ നടപടികൾ സ്വയം വിശദീകൃതവും സുതാര്യവുമായിരിക്കാൻ സർവകലാശാലകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ.
വിവിധ വിഭാഗങ്ങളിലെ മികവുകൾ ചേർത്ത് മാർക്ക് നല്കുമ്പോൾ ഓരോ വിഭാഗത്തിനും എത്ര മാർക്കാണ് ലഭിച്ചത് എന്നറിയാൻ ഉദ്യോഗാർഥിക്ക് അവകാശമുണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
സ്കോർഷീറ്റ് തയാറാക്കുമ്പോൾ മാർക്കിന്റെ വിശദാംശം തരം തിരിച്ച് രേഖപ്പെടുത്തണം. ഇത് ആവശ്യാനുസരണം ഉദ്യോഗാർഥികൾക്ക് നല്കുകയും വേണം. അത് ഭാവിയിൽ അവർക്ക് നില മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രഫസർ, അസോസിയേറ്റ് പ്രഫസർ നിയമനങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റിയും ഇന്റർവ്യൂ ബോർഡും തനിക്ക് നല്കിയ മാർക്കിന്റെ വിശദാംശം തേടിയ പത്തനംതിട്ടയിലെ ഡോ. ശ്രീവൃന്ദ നായരുടെ പരാതി തീർപ്പാക്കിയ കമ്മീഷണർ എ.എ. ഹക്കിമാണ് ഇന്റർവ്യൂ ബോർഡിന്റെ നടപടിയിൽ സുതാര്യതയില്ലെന്നു കണ്ട് നിർദേശം ഉത്തരവായി പുറപ്പെടുവിച്ചത്.