മസാല ദോശയിൽ തേരട്ടയുടെ അവശിഷ്ടങ്ങൾ; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു
Friday, January 27, 2023 5:05 PM IST
കൊച്ചി: പറവൂരിലെ പ്രധാന വെജിറ്റേറിയൻ ഹോട്ടലായ വസന്ത വിഹാർ നഗരസഭ ആരോഗ്യവകുപ്പ് പൂട്ടിച്ചു. ഇവിടെനിന്നും നൽകിയ മസാല ദോശയിൽ തേരട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെന്നെ ആരോപണത്തെ തുടർന്നാണ് നടപടി.
വ്യാഴാഴ്ച്ച രാവിലെ കുന്നുകര സ്വദേശികളായ ഒരു കുടുബം ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഇവർ കഴിക്കാനായി വാങ്ങിയ മസാല ദോശയിലാണ് തേരട്ടയെ കണ്ടതായി പറയുന്നത്. ഇവർ പരാതി പറഞ്ഞതിനെതുടർന്ന് ഇത് മാറ്റി വേറെ നൽക്കാമെന്നായിരിന്നു ഹോട്ടലുകാരുടെ നിലപാട്.
ഇത് വേണ്ടെന്നു പറഞ്ഞ കുടുംബം പരാതി നൽകാൻ തയാറായില്ലെങ്കിലും വിവരമറിഞ്ഞ നഗരസഭ പരിശോധന നടത്തുകയായിരുന്നു. നഗരസഭ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ഉൾപ്പെടെ അഴുക്കു നിറഞ്ഞ അന്തരീക്ഷം കണ്ടെത്തി.
മാവ് കലക്കി വച്ച പാത്രങ്ങളും വൃത്തിഹീനമായിരുന്നു. സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പിനെ സമീപിച്ചെങ്കിലും അവരുടെ സേവനം ഉടനെ ലഭ്യമായില്ലെന്ന് ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തി. ഈ ഹോട്ടലിനെതിരെ ഇതിനു മുമ്പും പരാതി ഉയർന്നിട്ടുണ്ട്.