രഞ്ജി ട്രോഫി: ലീഡെടുക്കാനാവാതെ കേരളം
Thursday, January 26, 2023 6:10 PM IST
പോണ്ടിച്ചേരി: രഞ്ജി ട്രോഫി പ്ലേ ഓഫിലേക്ക് ഓരോ പോയിന്റും നിർണായകമായ ഘട്ടത്തിൽ തിരിച്ചടി നേരിട്ട് കേരളം. എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കേരളത്തിന് സാധിച്ചില്ല. 371 റൺസ് എന്ന സ്കോർ പിന്തുടർന്ന കേരളം ആദ്യ ഇന്നിംഗ്സിൽ 286 റൺസിന് പുറത്തായി.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുകയാണ് ആതിഥേയർ. 119 റൺസിന്റെ ആകെ ലീഡുള്ള ടീമിനായി ജെ.എസ്. പാണ്ഡേ(8), പി.കെ. ദോഗ്ര(20) എന്നിവരാണ് ക്രീസിൽ.
111/3 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രൻ(70), സൽമാൻ നിസാർ(40) എന്നിവർ പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി. സച്ചിൻ ബേബി(39), സൽമാൻ എന്നിവർ പുറത്തായതോടെ സിജോമോൻ ജോസഫിനൊപ്പം(35) ചേർന്ന് അക്ഷയ് സ്കോർ ഉയർത്തി.
62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ സാഗർ പി. ഉദേഷിയാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. എബിൻ മാത്യു, കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതവും അങ്കിത് ശർമ ഒരു വിക്കറ്റും നേടി.
നെയൻ കംഗായനെ(5) പുറത്താക്കിയ ബേസിൽ തമ്പി കേരളത്തിന് മികച്ച തുടക്കമാണ് നൽകിയതെങ്കിലും ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരൻ ദോഗ്രയുടെ ക്രീസിലെ സാന്നിധ്യം കേരളത്തിന്റെ പ്രതീക്ഷകളെ പിന്നോട്ടടിക്കുന്നു.