വനിതാ ഗുസ്തി താരങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്തു; ഫെഡറേഷനോട് വിശദീകരണം തേടി കേന്ദ്രം
Thursday, January 19, 2023 12:43 AM IST
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗീക പീഡന ആരോപണത്തിൽ കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഇടപെടൽ. സംഭവത്തിൽ കായിക മന്ത്രാലയം ഇന്ത്യൻ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്ഐ) വിശദീകരണം തേടി.
72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് കായികമന്ത്രാലയം ആവശ്യപ്പെട്ടു. മറുപടി നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലക്നോവിലെ ദേശീയ ഗുസ്തി ക്യാമ്പ് റദ്ദാക്കി.
ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഡബ്ല്യുഎഫ്ഐ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് വനിതാ കായിക താരങ്ങളെ ലൈഗീകമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. ബ്രിജ് ഭൂഷണ് നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഫെഡറേഷന്റെ പ്രിയങ്കരരായ ചില പരിശീലകർ വനിതാ പരിശീലകരോടും പോലും മോശമായി പെരുമാറുന്നതായും കായിക താരങ്ങൾ പറയുന്നു.
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ പ്രക്ഷോഭത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ് തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന് ഇടപെടുകയാണ്. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരിക്കും- ഫോഗട്ട് മുന്നറിയിപ്പ് നൽകി.
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങൾ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്റംഗ് പുനിയ പറഞ്ഞു. ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണ്. നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ബജ്റംഗ് പുനിയ ആവശ്യപ്പെട്ടു.