കടുവ ആക്രമണം: കർഷകന്റെ മകന് ജോലി നൽകും; മൃതദേഹം സംസ്കരിക്കാൻ കുടുംബം
Friday, January 13, 2023 7:06 PM IST
കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസ് പള്ളിപ്പുറത്തിന്റെ മകന് താൽക്കാലിക ജോലി നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാർ. ഇതോടെ തോമസിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങാതെയുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ കുടുംബം തീരുമാനിച്ചു.
തോമസിന്റെ കുടുബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ കൈമാറുമെന്നും മുഴുവൻ തുകയും ശനിയാഴ്ചക്കുള്ളിൽ കൊടുക്കുമെന്നും സർക്കാർ അറിയിച്ചു. 40 ലക്ഷം രൂപയുടെ ധനസഹായം കൂടി ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ നൽകും. ജില്ലാ കളക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
വ്യാഴാഴ്ചയാണ് വെള്ളാരംകുന്ന് സ്വദേശി തോമസ് മരിച്ചത്. വെള്ളാരംകുന്ന് മേഖലയിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റ തോമസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.