പച്ചമുട്ട പടിക്ക് പുറത്ത്; മയണൈസ് ഇനി വെജിറ്റേറിയൻ
Wednesday, January 11, 2023 7:59 PM IST
കൊച്ചി: അറേബ്യൻ ഭക്ഷ്യവിഭവങ്ങൾക്കൊപ്പം വിളന്പുന്ന മയണൈസിന്റെ പാചകക്കൂട്ടിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാനത്തെ ബേക്കറി ഉടമകളുടെ കൂട്ടായ്മ. പച്ചമുട്ട ഉപയോഗിച്ച് നിർമിക്കുന്ന മയണൈസ് ഒഴിവാക്കാനും വെജിറ്റേറിയൻ മയണൈസ് ലഭ്യമാക്കാനും സംഘടന തീരുമാനമെടുത്തു.
സംസ്ഥാനത്ത് തുടർച്ചയായി ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ബാക്ടീരിയൽ പ്രവർത്തനം മൂലം മയണൈസിൽ വിഷാംശം കലരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
അൽഫാം, കുഴിമന്തി എന്നിവയ്ക്കൊപ്പം വിതരണം ചെയ്യുന്ന ജനപ്രിയ കൂട്ട്വിഭവമാണ് മയണൈസ്. വിനാഗിരിയും മുട്ടയുടെ വെള്ളയും ചേർത്താണ് ഇത് നിർമിക്കുന്നത്.