സ്വാഗതഗാന വിവാദം: സര്‍ക്കാര്‍ ഒരു മതത്തിനും എതിരല്ലെന്ന് എം.വി.ഗോവിന്ദന്
Tuesday, January 10, 2023 12:24 PM IST
കണ്ണൂര്‍: സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനചടങ്ങിലെ സ്വാഗതഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പാര്‍ട്ടിയും സര്‍ക്കാരും ഒരു മതത്തിനും എതിരല്ലെന്ന് ഗോവിന്ദന് പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയതിനു പിന്നാലെയാണ് പ്രതികരണം.
ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.