അഞ്ജലി സിംഗിന്റേത് ദാരുണ കൊലപാതകം; ശരീരത്തിൽ മാരക പരിക്കുകൾ
Wednesday, January 4, 2023 1:04 PM IST
ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അഞ്ജലി സിംഗിന്റെ ശരീരത്തില്‍ പലയിടത്തും മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയോട്ടി പൊട്ടി തലച്ചോറിന്റെ ചില ഭാഗങ്ങള്‍ ശരീരത്തില്‍നിന്ന് വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നതായും കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ യുവതിയുടെ ശരീരത്തെ തൊലി പൂര്‍ണമായും അടര്‍ന്നു.
ശരീരത്തില്‍ നാല്പതോളം ഇടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഡൽഹി സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് സംഭവം. അപകടം നടന്നതിന് പിന്നാലെ അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
കാഞ്ചവാലയിൽ ഞായറാഴ്ച രാവിലെയാണ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി കാറില്‍ കുടുങ്ങിയതായി കണ്ടെത്തിയിട്ടും യുവാക്കള്‍ വാഹനം നിര്‍ത്താന്‍ തയാറായില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന് (27), മിഥുന് (26), മനോജ് മിത്തല്‍ (27) എന്നിവരെ പോലീസ് പിടികൂടി. ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ പോലീസ് കമ്മിഷണര്‍ ശാലിനി സിംഗിനാണ് കേസിന്റെ അന്വേഷണച്ചുമതല.