റോബർട്ട് വാധ്രയ്ക്ക് എതിരായ ആരോപണങ്ങൾ ബിജെപിക്ക് സെൽഫ് ഗോളായെന്ന് കോൺഗ്രസ്
Tuesday, December 27, 2022 8:56 PM IST
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ വമ്പൻ വിജയം കണ്ട് ആശങ്കപ്പെടുന്ന ബിജെപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയ്ക്ക് എതിരെ വ്യാജ ആരോപണങ്ങൾ തൊടുക്കുകയാണെന്ന് കോൺഗ്രസ്. ഇത്തരം നീക്കങ്ങൾ കൈയോടെ പിടിക്കപ്പെട്ടെന്നും വാധ്രയ്ക്ക് എതിരായ ബിജെപി ആരോപണം സെൽഫ് ഗോളായി പരിണമിച്ചെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല പരിഹസിച്ചു.
ബിജെപിയുടെ തട്ടിപ്പിന്റെ ഇരയാണ് വാധ്ര; പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്വേഷ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ മറയ്ക്കാനാണ് അദേഹത്തിനെതിരെ ആരോപണം ഉയർത്തുന്നത് - സുർജെവാല വ്യക്തമാക്കി.
"രാജസ്ഥാനിലെ ബിക്കാനിർ മേഖലയിലെ മഹാജൻ ഷൂട്ടിംഗ് റേഞ്ചിന്റെ ഭൂമി വാധ്ര തട്ടിയെടുത്തെന്ന ആരോപണം തെറ്റാണ്. 2007-ൽ സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബിജെപി സർക്കാർ, ഹരി റാം, നാഥാറാം എന്നീ സാങ്കൽപിക വ്യക്തികളുടെ പേരിൽ ഷൂട്ടിംഗ് റേഞ്ചിന്റെ എഴുതി നൽകിയിരുന്നു.
ഈ സ്ഥലം കൃത്യമായ വിൽപ്പനകരാറിലൂടെ സ്വന്തമാക്കിയ മറ്റ് രണ്ട് പേരിൽ നിന്നാണ് 2010-ൽ വാധ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി വാങ്ങിയത്. ഈ ഇടപാടിന് കൃത്യമായ രേഖയുണ്ട്. അതിനാൽ വാധ്ര ഭൂമി തട്ടിയെടുത്തെന്ന ആരോപണം ബിജെപിക്ക് സെൽഫ് ഗോളായി മാറി'.
വാധ്ര കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണം നിഷേധിച്ച സുർജെവാല, എട്ട് വർഷമായി അധികാരത്തിലിരിക്കുന്ന മോദി സർക്കാരിന് വാധ്രയ്ക്കെതിരായ ഒറ്റ ആരോപണം പോലും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വലിയ അഴിമതി കുടുംബമെന്ന് ആരോപിച്ച് നെഹ്റു കുടുംബത്തിന് നേരെ ബിജെപി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി ആണ് സുർജെവാല ഇക്കാര്യങ്ങൾ പറഞ്ഞത്.