തെൻഡുൽക്കർ ജൂണിയറിന് രഞ്ജി സെഞ്ചുറി; റിക്കാർഡ് ഇനി കുടുംബകാര്യം
Wednesday, December 14, 2022 5:48 PM IST
പോർവോറിം: അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന അച്ഛൻ-മകൻ സഖ്യമെന്ന റിക്കാർഡ് സ്വന്തമാക്കി തെൻഡുൽക്കർ കുടുംബം.
രാജസ്ഥാനെതിരായ തന്റെ രഞ്ജി അരങ്ങേറ്റത്തിൽ അർജുൻ തെൻഡുൽക്കർ സെഞ്ചുറി തികച്ചതോടെയാണ് റിക്കാർഡുകളുടെ തോഴനായ മാസ്റ്റർ ബ്ലാസ്റ്ററെ തേടി വിരമിച്ച ശേഷവും ക്രിക്കറ്റ് നേട്ടമെത്തിയത്.
രാജസ്ഥാനെതിരെ ഏഴാം നമ്പർ ബാറ്ററായി ഇറങ്ങിയ 120 റൺസ് നേടിയ അർജുൻ, 34 വർഷം മുമ്പ് സച്ചിൻ സ്വന്തമാക്കിയ അരങ്ങേറ്റ രഞ്ജി മത്സരത്തിലെ ശതകം എന്ന നേട്ടം ആവർത്തിച്ചു. മുംബൈ താരമായ സച്ചിന്, 1988-ൽ ഗുജറാത്തിനെതിരെ കന്നി രഞ്ജി ശതകം നേടുമ്പോൾ 15 വയസ് മാത്രമായിരുന്നു പ്രായം.
പ്രതിഭകളുടെ ബാഹുല്യം നിമിത്തം മുംബൈയിൽ നിന്ന് ഗോവയിലേക്ക് കൂടുമാറിയ അർജുൻ 23-ാം വയസിലാണ് ആദ്യ സെഞ്ചുറി കുറിക്കുന്നത്. രഞ്ജി അരങ്ങേറ്റതിൽ തന്നെ സെഞ്ചുറി നേടിയ അച്ഛൻ-മകൻ എന്ന പുതിയ റിക്കാർഡ് തുറന്ന അർജുൻ പേസ് ബൗളർ ആണെന്നതാണ് കൗതുകകരമായ കാര്യം.
മുംബൈ ഇന്ത്യൻസ് പടയിൽ ഇടംകൈ പേസറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഐപിഎൽ, ഫസ്റ്റ് ക്ലാസ് അവസരങ്ങൾ അർജുനിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. തെൻഡുൽക്കർ ജൂണിയറിന്റെ കരുത്തിൽ ഗോവ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 493-8 എന്ന ശക്തമായ നിലയിലാണ്.