പകരം വീട്ടാൻ ഇന്ത്യ; ആദ്യ ടെസ്റ്റ് ഇന്ന്
Wednesday, December 14, 2022 6:49 AM IST
ചിറ്റഗോംഗ്: ഏകദിന പരന്പരയിലെ തോൽവിക്ക് ബംഗ്ലാദേശിനോട് ടെസ്റ്റിൽ പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യപോരാട്ടം ഇന്നുരാവിലെ ഒമ്പത് മണി മുതൽ ചിറ്റഗോംഗിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടക്കും.
ഏകദിന പരന്പരയ്ക്കിടെ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം കെ.എൽ. രാഹുൽ ആണ് ഇന്ത്യയെ നയിക്കുക. ചേതേശ്വർ പൂജാരയാണ് ഉപനായകൻ. മികച്ച ഫോമിൽ കളിക്കുന്ന സൂപ്പർ താരം വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
പരിക്കിനെത്തുടർന്ന് പേസർ മുഹമ്മദ് ഷമിയും മുട്ട് സർജറിക്കുശേഷം പൂർണ ആരോഗ്യം വീണ്ടെടുക്കാത്ത ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടെസ്റ്റ് പരന്പരയിൽ ഇന്ത്യക്കൊപ്പം ഇല്ല.