സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം: അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
Sunday, December 4, 2022 5:12 PM IST
തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ വിവാദ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കേസിൽ സജിക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
മല്ലപ്പള്ളിയിലെ പാർട്ടി വേദിയിൽ ഇന്ത്യൻ ഭരണഘടനയെ ""ചൂഷണത്തിന് ഏറ്റവും ഉതകുന്ന, കൊള്ളയടിക്കാൻ സഹായം നൽകുന്ന നിയമങ്ങളുള്ളത്''എന്ന് അദേഹം വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടചക്രം എന്ന് സംബോധന ചെയ്ത് സജി ചെറിയാന് ആക്ഷേപിച്ചിരുന്നു. തൊഴിൽ സമരങ്ങൾ അംഗീകരിക്കാത്ത, തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്നതാണ് ഭരണഘടനയെന്നും അദേഹം പറഞ്ഞിരുന്നു.
പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിരുന്നു. ഭരണഘടനയുടെ അന്തഃസത്തയെ അപമാനിച്ച സജി ചെറിയാൻ, സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ആരോപണം ഉയർന്നതോടെ മന്ത്രിസ്ഥാനം രാജിവച്ചു.
എന്നാൽ ശാസ്ത്രീയമായ അന്വേഷണം നടത്താതെയും ചോദ്യം ചെയ്യലിന് സജി ചെറിയാനെ വിളിപ്പിക്കാതെയും മെല്ലെപ്പോക്ക് നയം സ്വീകരിച്ച പോലീസ്, കേസ് നിൽനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച പരാതിക്കാരൻ നോട്ടീസ് നൽകുകയായിരുന്നു.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാനോ സജി ചെറിയാന്റെ ശബ്ദ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കാനോ പോലീസ് തുനിഞ്ഞിരുന്നില്ല.
കേസിൽ അപ്പീൽ നൽകുമെന്നും അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ അപേക്ഷ സമർപ്പിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.