വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ടെന്ന് തരൂർ
Saturday, December 3, 2022 1:36 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കേണ്ടെന്ന് ശശി തരൂർ എംപി. ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും തരൂർ പറഞ്ഞു.
കേന്ദ്രസേന എത്തിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും തരൂർ വ്യക്തമാക്കി.
പദ്ധതി ആരംഭിച്ച സമയത്ത് നൽകിയ പല വാഗ്ദാനങ്ങളും പാലിച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട് പോയതെന്നും അദേഹം കൂട്ടിച്ചേർത്തു.
മതനേതാക്കന്മാർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന ആവശ്യം ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് വിവിധ വിഭാഗങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടാകുന്നത് സങ്കടകരമാണ്. നാട്ടിലെ വികസനപ്രവർത്തനങ്ങൾക്ക് എന്നും സഹായങ്ങൾ നൽകുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികളെന്നും തരൂർ പ്രസ്താവിച്ചു.