വിഴിഞ്ഞത്ത് സമരക്കാർ കലാപത്തിന് ശ്രമിച്ചുവെന്ന് സിപിഎം
Friday, December 2, 2022 4:00 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരം കലാപമാക്കി മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചെന്ന ആരോപണവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രതിഷേധത്തിനെതിരേയുള്ള പാർട്ടി നിലപാട് വ്യക്തമാക്കിയത്.
സമരത്തിന് പിന്നിൽ വർഗീയ ശക്തികളാണെന്ന് പറഞ്ഞ ഗോവിന്ദൻ, ഇത്തരം അജണ്ടകൾക്ക് വഴങ്ങി സർക്കാർ പദ്ധതി ഉപേക്ഷിക്കുമെന്ന് കരുതേണ്ടെന്നും തുറന്നടിച്ചു. ജനാധിപത്യ സമരങ്ങൾക്ക് സിപിഎം എതിരല്ല. സമരത്തിന് മറവിൽ കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തെയാണ് പാർട്ടി എതിർക്കുന്നത്.
മന്ത്രി വി. അബ്ദുറഹ്മാനെതിരെ വൈദികൻ നടത്തിയ പരാമർശത്തെ നാക്കുപിഴയായി കണക്കാക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വികൃതമായ മനസാണ് വാക്കുകളിൽ സൂചിപ്പിച്ചത്. ഗവർണറെ കൂട്ടുപിടിച്ച് സർക്കാരിനെ വീഴ്ത്താനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇതിന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പിന്തുണ നൽകുകയാണ്.
എന്നാൽ ഇത്തരം നീക്കങ്ങളൊന്നും നടക്കില്ലെന്നും കേരളം പഴയ കേരളമല്ലെന്നും ഓലപ്പാമ്പ് കാട്ടി സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയാൽ അതിന് വഴങ്ങുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി, ബിജെപി പ്രചാരവേലയ്ക്ക് എതിരായി സിപിഎം സംഘടിച്ച് നീങ്ങുമെന്നും
കലാപാഹ്വാനം ജനങ്ങൾ അവഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം യാദൃശ്ചികമല്ല; ഇത്തരമൊരു നീക്കത്തെപ്പറ്റി സമരപന്തലിൽ വച്ച് തന്നെ നേതാക്കൾ പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നടത്തിയ ശക്തികൾ തൊഴിലാളി സ്നേഹത്തിന് വേണ്ടിയല്ല, ഗൂഢലക്ഷ്യങ്ങൾക്കായി ആണ് പ്രവർത്തിക്കുന്നത്.
സർവകക്ഷി യോഗത്തിൽ ഭൂരിഭാഗവും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ചിലർ മാത്രം എതിർപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ സമരത്തിൽ പങ്കില്ല; പദ്ധതി മൂലമാണ് മത്സ്യസമ്പത്ത് കുറയുന്നതെന്ന ആരോപണം ശരിയല്ല. കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ ഉടനീളം ഉണ്ട്. തുറമുഖത്ത് ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ പരിഹരിക്കും. ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പും ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം അക്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും ആളെ നോക്കിയല്ല കുറ്റകൃത്യം കണക്കിലെടുത്താണ് പോലീസ് നടപടിയുണ്ടാകുന്നത്. കേന്ദ്ര സേന എത്തുന്നത് പുതിയ കീഴ്വയക്കമല്ല; ക്രമസമാധാന ചുമതല സർക്കാരിന്റെ പക്കൽ തന്നെ നിൽക്കുമെന്നും കേരളത്തിലെ പോലീസ് സംവിധാനം മികച്ചതാണെന്നും ഗോവിന്ദൻ പ്രസ്താവിച്ചു.